വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ 'കട്ട വെയിറ്റിങ്'; വി.ഡി. സതീശന് ആശംസകളുമായി എം.എം. മണി
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം. മണി. ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് കാണാൻ താൻ 'കട്ട വെയിറ്റിങ്ങിലാണെന്നും' മണി പരിഹാസരൂപേണ കൂട്ടിച്ചേർത്തു.
"ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങും" - ഇതായിരുന്നു മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച് കഴിഞ്ഞ ദിവസങ്ങളിലും മണി രംഗത്തെത്തിയിരുന്നു. വിവിധ കോൺഗ്രസ് നേതാക്കളെയും ഘടകകക്ഷി നേതാക്കളെയും തുടർച്ചയായി ഡൽഹിയിലേക്ക് വിളിപ്പിക്കുന്നതിനെ ട്രോളിക്കൊണ്ട്, "ഇനി യുഡിഎഫിന് വോട്ടു ചെയ്യാത്ത ഞങ്ങളെയും ഡൽഹിക്ക് വിളിപ്പിക്കുമോ" എന്ന് അദ്ദേഹം ചോദിച്ചിരുന്നു. സതീശന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയും തന്റെ പതിവ് ശൈലിയിലുള്ള വിമർശനം മണി തുടരുകയാണ്.
