മുഹൂർത്തമായിട്ടും ബ്യൂട്ടിപാർലറിൽ പോയ വധു എത്തിയില്ല; ഒടുവിൽ ഒളിച്ചോടിയെന്ന് വിവരം; മാതാപിതാക്കൾ കുഴഞ്ഞുവീണു

  1. Home
  2. Kerala

മുഹൂർത്തമായിട്ടും ബ്യൂട്ടിപാർലറിൽ പോയ വധു എത്തിയില്ല; ഒടുവിൽ ഒളിച്ചോടിയെന്ന് വിവരം; മാതാപിതാക്കൾ കുഴഞ്ഞുവീണു

BRIDE


മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം വടശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. ആറ് മാസത്തിന് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്നലെ രാവിലെ മുതൽ ഇരുകുടുംബങ്ങളിൽ നിന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിനായി ഓഡിറ്റോറിയത്തിലെത്തിയിരുന്നു. എന്നാൽ ബ്യൂട്ടി പാർലറിൽ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂർത്ത സമയമായിട്ടും കാണാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്. 

വിവരം അറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു. വധു മുങ്ങിയതറിഞ്ഞതിന് പിന്നാലെ വരന്റെയും പെൺകുട്ടിയുടെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായെങ്കിലും സംഘർഷമുണ്ടായില്ല. ഇവർ പിന്നീട് വീട്ടിലേക്ക് മടങ്ങി. ബന്ധുക്കൾ കല്ലമ്പലം പൊലീസിൽ വിവരമറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.