ബാല്യവിവാഹം: 2 മാസത്തിനു ശേഷം ‘വരൻ’ പിടിയിൽ

  1. Home
  2. Kerala

ബാല്യവിവാഹം: 2 മാസത്തിനു ശേഷം ‘വരൻ’ പിടിയിൽ

arest case


ഇടമലക്കുടിയിൽ പതിനേഴുകാരിയെ വിവാഹം ചെയ്തു പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമൻ (45) ആണു മൂന്നാർ പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദ്യ പോക്സോ കേസാണിത്. 

വിവാഹിതനും 2 മക്കളുടെ പിതാവുമായ രാമൻ ജനുവരിയിലാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു കൂടെ താമസിപ്പിച്ചത്. ജനുവരി പകുതിയിലായിരുന്നു സംഭവം. തുടർന്നു പൊലീസ് പോക്സോ പ്രകാരം കേസെടുത്തെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്കു കടന്നുകളഞ്ഞു. ഇയാൾ കുടിയിൽ മടങ്ങിയെത്തിയെന്ന വിവരത്തെത്തുടർന്നു പൊലീസ് സംഘം പുലർച്ചെ 3നാണു പിടികൂടിയത്. സംഭവശേഷം ഇയാൾ പല തവണ കുടിയിലെത്തിയിരുന്നു. എന്നാൽ, രാജമല പെട്ടിമുടിയിൽ നിന്നു 18 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് വരുമെന്ന വിവരം കിട്ടുമ്പോൾ ഇയാൾ വനത്തിൽ കയറി കടന്നുകളയുകയായിരുന്നു പതിവ്. 

എസ്എച്ച്ഒ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം ചൊവ്വാഴ്ച വൈകിട്ട് പൊലീസ് വാഹനത്തിൽ പെട്ടിമുടിയിലെത്തി. അവിടെ നിന്നു രാത്രി ടാക്സി ജീപ്പിൽ സൊസൈറ്റിക്കുടിക്കു 2 കിലോമീറ്റർ അകലെയെത്തി. പിന്നീടു പ്രദേശവാസികളെ അറിയിക്കാതെ കിലോമീറ്ററുകൾ ടോർച്ച് വെളിച്ചത്തിൽ നടന്ന് ഇന്നലെ പുലർച്ചെ മൂന്നോടെ പ്രതിയുടെ വീടിനു സമീപമെത്തി. വീടു വളഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. എസ്ഐ കെ.ഡി.മണിയൻ, സിപിഒമാരായ സഹീർ ഹുസൈൻ, ടോണി ചാക്കോ, അനീഷ് ജോർജ്, പ്രദീപ് കുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ദേവികുളം കോടതി പ്രതിയെ റിമാൻഡ് ചെയ്തു.