ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് കൊണ്ടുവരുന്നത് അഴിമതിയുടെ തുടക്കം: വി. ശിവൻകുട്ടി
ആറ്റുകാൽ പൊങ്കാലയ്ക്ക് കല്ലിന്റെ അടുപ്പിന് പകരം ഇരുമ്പ് അടുപ്പ് കൊണ്ടുവരാനുള്ള നീക്കം അഴിമതിയുടെ തുടക്കമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇരുമ്പ് അടുപ്പ് അനുയോജ്യമല്ലെന്ന് ആറ്റുകാൽ ട്രസ്റ്റ് അറിയിച്ചിട്ടും കോർപ്പറേഷൻ ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷത്തെ ശുചീകരണത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് കല്ലിന്റെ അടുപ്പ് മാറ്റി ഇരുമ്പ് അടുപ്പ് കൊണ്ടുവരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ വർഷം പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കത്തിൽ ബിജെപി ഭരണകൂടത്തിന് വലിയ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചു. മുൻ വർഷങ്ങളിൽ എൽഡിഎഫ് ഭരണകാലത്ത് സുഗമമായി മുന്നോട്ടുപോയ ശുചീകരണ സംവിധാനം ഇപ്പോൾ താറുമാറായെന്നും ശിവൻകുട്ടി വിമർശിച്ചു.
മേയർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ തന്നെ വിശ്വാസലംഘകരാകുന്ന സാഹചര്യമാണെന്നും ശിവൻകുട്ടി പറഞ്ഞു. നേരത്തെ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകൾ പാവപ്പെട്ടവർക്ക് വീട് നിർമിക്കാൻ നൽകിയിരുന്നുവെന്നും പുതിയ നീക്കത്തോടെ അതും ഇല്ലാതാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
