സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; പരാജയം അറിഞ്ഞ് ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ

  1. Home
  2. Kerala

സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; പരാജയം അറിഞ്ഞ് ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ

Ldf and udf


ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞ് ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ. വടകരയിൽ കെ.കെ ശൈലജ, തൃശൂരിൽ വി.എസ് സുനിൽകുമാർ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയമറിഞ്ഞത്. വടകരയിൽ കെകെ ശൈലജ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനോട് തോൽവി വഴങ്ങിയത്. 

തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിൽ 74,000ൽപ്പരം വോട്ടുകൾക്കാണ് വിഎസ് സുനിൽകുമാർ പരാജയപ്പെട്ടത്. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബെന്നി ബെഹനാനോട് പരാജയപ്പെട്ടപ്പോൾ പത്തനംതിട്ടയിൽ തോമസ് ഐസക്കും പരാജയം രുചിച്ചു. സിറ്റിംഗ് എംപി ആന്റോ ആന്റണിയോടാണ് ഐസക് തോൽവി വഴങ്ങിയത്. അതേസമയം രണ്ടാം പിണറായി സർക്കാരിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ചു. കേരളത്തിൽ നിന്ന് സിപിഎമ്മിന് ലഭിച്ച ഏക സീറ്റാണ് ഇത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് സിറ്റിംഗ് എംഎൽഎമാരിൽ ഒരാൾ മാത്രമാണ് വിജയിച്ചത്. കെ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവരുടെ വിജയത്തോടെ നിയമസഭയിൽ ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. വയനാട് നിന്നും റായ്ബറേലിയിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കാനാണ് സാദ്ധ്യത. അങ്ങനെയാണെങ്കിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.