സുഗതകുമാരി-മലയാളത്തിന്റെ അത്ഭുതപ്രതിഭ; സി. ആർ. പരമേശ്വരൻ എഴുതുന്നു

  1. Home
  2. Kerala

സുഗതകുമാരി-മലയാളത്തിന്റെ അത്ഭുതപ്രതിഭ; സി. ആർ. പരമേശ്വരൻ എഴുതുന്നു

sugatha


പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയെക്കുറിച്ച് എഴുതുകയാണ് സി ആർ പരമേശ്വരൻ.

'എന്റെ പരിമിതമായ സാഹിത്യത്തിന്റെ മാർഗ്ഗദർശി ആയി വൈലോപ്പിള്ളിയോടൊപ്പം ഞാൻ ആദരിക്കുന്ന ജ്യേഷ്ഠസഹോദരി ആണ് സുഗതകുമാരി. ആ വസ്തുതയേക്കാൾ കൂടുതലായി , ഞാൻ ഇന്നും പിന്തുടരുന്ന സൗന്ദര്യശാസ്ത്ര -രാഷ്ട്രീയ ബോധ്യങ്ങളെ എന്റെ ഇരുപതു വയസ്സിനു മുൻപേ തന്നെ രൂപപ്പെടുത്തുകയും സുദൃഢീകരിക്കുകയും ചെയ്തത് ഇവരിരുവരും ആണ്.'

കുറിപ്പ് പൂർണരൂപം


സുഗതകുമാരി-മലയാളത്തിന്റെ അത്ഭുതപ്രതിഭ

എന്റെ പരിമിതമായ സാഹിത്യത്തിന്റെ മാർഗ്ഗദർശി ആയി വൈലോപ്പിള്ളിയോടൊപ്പം ഞാൻ ആദരിക്കുന്ന ജ്യേഷ്ഠസഹോദരി ആണ് സുഗതകുമാരി. ആ വസ്തുതയേക്കാൾ കൂടുതലായി , ഞാൻ ഇന്നും പിന്തുടരുന്ന സൗന്ദര്യശാസ്ത്ര -രാഷ്ട്രീയ ബോധ്യങ്ങളെ എന്റെ ഇരുപതു വയസ്സിനു മുൻപേ തന്നെ രൂപപ്പെടുത്തുകയും സുദൃഢീകരിക്കുകയും ചെയ്തത് ഇവരിരുവരും ആണ്.

ജന്മനാ ഓർമ്മശക്തി കുറവുള്ള എനിക്ക് സുഗതകുമാരിയുടെ ആദ്യത്തെ നാലു സമാഹാരങ്ങളിലെയും വൈലോപ്പിള്ളിയുടെ 'കടൽക്കാക്കകളി'ലെയും 'കുടിയൊഴിക്കലി'ലെയും ഏതു വരികളും ഇന്നും ഓർത്തെടുത്ത് ചൊല്ലാനാകും.കാരണം,ഈ കവികൾ അന്ന് കവിതാഭ്രാന്തനായ യുവാവിന്റെ ആത്മാവിനോട് അത്രക്ക് ഇഴുകിച്ചേർന്നിരുന്നു.

'കാളിയമർദ്ദനം','പ്രവാഹബിന്ദു','ജനുവരി മുപ്പത് ','കൊളോസസ്സ് ' ,'ഏദനിൽ നിന്ന് ','ഒറ്റവള','ബിഹാർ','രാജലക്ഷ്മിയോട് ', 'പാവം മാനവഹൃദയം ','ഹാ ,രാമ!','ബയാഫ്ര','പാദപ്രതിഷ്ഠ'-എന്നിങ്ങനെയുള്ള മിക്ക സുഗതകുമാരിക്കവിതകളും എന്റെ യൗവ്വനകാലത്തെ വായനയെ ദീപ്തമാക്കിയവയും എഴുത്തുകാരനെന്ന നിലയിൽ എന്നെ നിർമ്മിച്ചവയുമാണ് .എനിക്ക് സുഗതകുമാരിയുടെ കേക ഇഷ്ടമാണ് .അനുഷ്ടുപ്പ് ഇഷ്ടമാണ് .നതോന്നത ഇഷ്ടമാണ് .'പാതിരാപ്പൂക്കൾ'എന്ന ശ്ലോകകവിത ഇഷ്ടമാണ് .അധികമാളുകൾ ശ്രദ്ധിക്കാത്ത 'ആശങ്ക' എന്ന കവിതയിലെ വൃത്തപരീക്ഷണത്തോടൊപ്പമുള്ള അനന്യമായ ദൈവാനുഭവം ഇഷ്ടമാണ് . പൊതുവെ പ്രണയകവിതകൾ ഇഷ്ടമില്ലാത്ത എനിക്ക് സുഗതകുമാരിയുടെ പ്രണയകവിതകൾ ഇഷ്ടമാണ് .

എഴുതിത്തുടങ്ങുന്ന കാലത്ത് എന്നെ പരിഗണിച്ചിട്ടുള്ള മുതിർന്ന എഴുത്തുകാരിൽ പ്രധാനപ്പെട്ടവർ വൈലോപ്പിള്ളിയും കോവിലനും കുഞ്ഞുണ്ണി മാഷും ലീലാവതി ടീച്ചറും ആയിരുന്നു. താരതമ്യേന നിരന്തരവും ഗാഢവുമായ ബന്ധം ലീലാവതി ടീച്ചറുമായിട്ടായിരുന്നു ഉണ്ടായിരുന്നത് .മറ്റുള്ളവരും കാണാനിടയായപ്പോൾ ഒക്കെ വാത്സല്യപൂർവ്വം പെരുമാറി.അറുപതുകൾ അവസാനം ഒരു കൗമാരക്കാരനായ ആരാധകന് അവർ അയച്ച ഹ്രസ്വമായ മറുപടി ഒഴിച്ചാൽ ഞാൻ സുഗതകുമാരിയെ നേരിൽ കാണുന്നത് എൺപതുകൾ അവസാനം വൃന്ദയോടൊത്ത് അഭയയിൽ പോയപ്പോഴാണ്.

എന്നെ കാണുന്നതിന് മുൻപേ തന്നെ അവർ എനിക്ക് വലിയ ഉപകർത്താവായിരുന്നു. ഞാൻ എൺപതുകളിൽ മദ്രാസിലെ ഗസ്റ്റ് ഹോസ്പിറ്റലിൽ വച്ച് ഒരു റീ -കൺസ്ട്രക്റ്റിവ് ശസ്ത്രക്രിയക്ക് വിധേയനാവുകയുണ്ടായി .സ്റ്റാൻലി മെഡിക്കൽ കോളേജിലെ പ്രസിദ്ധ ഹാൻഡ് സർജൻ പ്രൊ.രാമസ്വാമി വെങ്കടസ്വാമി ആണ് വളരെ സങ്കീർണ്ണമായ ആ ശസ്ത്രക്രിയ ചെയ്തത് .അന്നത്തെ കാലത്ത് 30000 രൂപയോളം ചെലവു വരുന്ന ഒരു ശസ്ത്രക്രിയ ആയിരുന്നു അത് എന്നാണ് എന്റെ ഓർമ്മ. എന്റെ തൊഴിൽദാതാവ് ആയിരുന്ന കേന്ദ്രസർക്കാരിൽ നിന്ന് മെഡിക്കൽ സഹായം എന്ന നിലയിൽ ഈ തുകയിൽ കുറച്ചെങ്കിലും ലഭിക്കണമെങ്കിൽ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആസ്പത്രികളിലും മെഡിക്കൽ കോളേജ് ആസ്പത്രികളിലും ഈ ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യം ഇല്ലെന്ന് കാണിച്ച് രണ്ട് സർട്ടിഫിക്കറ്റുകൾ ആവശ്യമായിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്ത് ആയ പി. എൻ. ഉണ്ണികൃഷ്ണന്റെ അഭ്യർത്ഥന പ്രകാരം ക്ഷമാപൂർവ്വം പല ഓഫീസുകളിലും കയറിയിറങ്ങി ഈ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു തന്നത് സുഗതകുമാരി ആണ്.

ചെറുപ്പകാലത്ത് എന്നെ വാത്സല്യപൂർവ്വം പരിഗണിച്ച ഈ വലിയ എഴുത്തുകാരോട് ഗുരുനിന്ദ കൊണ്ടാണ്,പക്ഷെ, ഞാൻ മറുപടി കൊടുത്തത്. വൈലോപ്പിള്ളിയുമായുണ്ടായ കലഹത്തെ കുറിച്ചും അദ്ദേഹം തന്നെ അത് ശമിപ്പിച്ചതിനെ കുറിച്ചും ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ട കോവിലൻ ,ലീലാവതി ടീച്ചർ ,കുഞ്ഞുണ്ണി മാസ്റ്റർ എന്നിവർ വിമർശിതരായത് 1997ൽ ഞാനെഴുതിയ 'അസഹിഷ്ണുതയുടെ ആവശ്യം' എന്ന ലേഖനത്തിൽ ആണ് .അവരുടെ വലിപ്പം മൂലം അവർ എന്റെ വിമർശനങ്ങളോട് കന്മഷം ഒന്നും സൂക്ഷിച്ചില്ല.ലേഖനം വന്ന് അധികം വൈകാതെ ബിഷപ്പ് പൗലോസ് മാർ പൗലോസിന്റെ മരണദിവസം അദ്ദേഹത്തിന്റെ അരമനയിൽ വച്ച് കോവിലനെ കണ്ടു .അന്ന് അദ്ദേഹം ധരിച്ചിരുന്ന വില പിടിച്ച ഡബിൾ മുണ്ടും ചെരിപ്പും ചൂണ്ടിക്കാട്ടി 'ഡോ , ഇതൊക്കെ വാങ്ങാൻ പണം തന്നെ വേണ്ടേ ?''എന്ന് എന്നെ പരിഹസിക്കുക മാത്രമേ അദ്ദേഹം ചെയ്തുള്ളു. കുഞ്ഞുണ്ണി മാസ്റ്റർ മലയാളം വാരികയിലെ ഒരു ലേഖനത്തിൽ ഞാനുയർത്തിയ വിമർശനത്തെ കുറിച്ച് സങ്കടപ്പെടുക മാത്രം ചെയ്തു. എന്റെ ലേഖനം പുസ്തകരൂപത്തിൽ വായിച്ച ലീലാവതി ടീച്ചർ ഞാൻ വിമർശിച്ച കെ .കരുണാകരനുമായുള്ള ടീച്ചറുടെ കക്ഷിരാഷ്ട്രീയബന്ധത്തെ കുറിച്ച് വിശദീകരിച്ച് ദീർഘമായും വേദനയോടെയും എനിക്ക് ഒരു കത്തെഴുതി.ടീച്ചർ എന്നോട് പിണങ്ങിയില്ല എന്നു തന്നെയല്ല,'ടീച്ചർക്ക് പ്രായമാകും തോറും എന്റെ അമ്മയുടെ മുഖഛായ കൈ വരുന്നു 'എന്ന് ഞാൻ എഴുതിയതിന് മറുപടിയായി അതേ കത്തിൽ'എന്നാൽ ഇനി എന്നെ അമ്മ എന്ന് വിളിച്ചാൽ മതി ' എന്ന് പറയുകയും ചെയ്തു. കോവിലനെയും കുഞ്ഞുണ്ണി മാസ്റ്ററെയും അവസാനമായി കണ്ടപ്പോൾ കാൽ തൊട്ട് വന്ദിച്ച് മനസാ ഞാൻ ക്ഷമാപണം നടത്തി.

എന്റെ പ്രധാന മാർഗ്ഗദർശിയും മുൻപ് പറഞ്ഞ വിധത്തിൽ ഉപകർത്താവും ആയിട്ടും സുഗതകുമാരിയെ വിമർശിച്ച് ഒന്നിലേറെ തവണ എഴുതേണ്ടി വന്നിട്ടുണ്ട്.വനിതാകമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ ഐസ്‌ക്രീം പാർലർ കേസിലെ പ്രതിയെ ശിക്ഷിപ്പിക്കാൻ സാധ്യമായ എല്ലാ മുൻകൈയും ടീച്ചർ എടുത്തില്ല എന്ന് ഒരു ലേഖനത്തിൽ ഉദാഹരണസഹിതം ഞാൻ എഴുതി. മറ്റൊരിക്കൽ 'ആർ.എസ്.എസ് .ഒരു സാംസ്‌കാരിക സംഘടനയാണ് ' എന്ന് സുഗതകുമാരി പറഞ്ഞപ്പോൾ ആനന്ദും കെ.വേണുവും കെ.അരവിന്ദാക്ഷനും ഞാനും ചേർന്ന് എല്ലാ പ്രധാന പത്രങ്ങളിലും വന്ന ഒരു പ്രതിഷേധപ്രസ്താവന പുറപ്പെടുവിച്ചിരുന്നു . അത് പോലെ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ സാംസ്‌കാരികനായകരുടെ മൗനത്തെ കുറിച്ച് 'വായിൽ എല്ലു സൂക്ഷിക്കുന്ന പട്ടിക്ക് കുരക്കാനാകില്ല ' എന്ന പേരിൽ മാതൃഭൂമിയുടെ എഡിറ്റ് പേജിൽ ഒരു കുറിപ്പ് ഞാൻ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ സർക്കാർ സഹായം സ്വീകരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം ചില സാംസ്‌കാരിക-സന്നദ്ധസംഘടനകളുടെ തലപ്പത്തുള്ള പ്രമുഖ എഴുത്തുകാർ മൗനം അവലംബിക്കുന്നു എന്ന് ഞാൻ പരാതി പറഞ്ഞിരുന്നു.എം.ടി.വാസുദേവൻ നായരെയും സുഗതകുമാരിയെയും ആണ് മുഖ്യമായും ആ പരാമർശം കൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്ന് സന്ദർഭത്തിൽ നിന്ന് വ്യക്തമായിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലാണ് വന്നത് എന്നത് കൊണ്ടും അതിൽ വിമർശിതരായ ഒ.എൻ.വി.കുറുപ്പ് അടക്കമുള്ളവർ ആ കുറിപ്പിന് മറുപടി പറഞ്ഞു എന്നത് കൊണ്ടും സുഗതകുമാരിയുടെ ശ്രദ്ധയിൽ അത് പെട്ടിരിക്കാനാണ് ഇടയുള്ളത് .എന്തായാലും ,തൊട്ടടുത്ത ആഴ്ച തിരുവനന്തപുരത്തു വച്ച് നടന്ന 

ടി.പി.കൊലപാതകവിരുദ്ധപ്രതിഷേധയോഗത്തിൽ വച്ച് ഞങ്ങൾ നേരിൽ കണ്ടു. ബി.ആർ.പി .ഭാസ്‌കർ,കെ.പി.കുമാരൻ,കെ.വേണു എന്നിവരൊക്കെ പങ്കെടുത്ത യോഗത്തിന്റെ ഉദ്ഘാടക സുഗതകുമാരി ആയിരുന്നു.അവർ എന്റെ അടുത്താണ് ഇരുന്നത്.മുട്ടുവേദന അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ദീർഘമായി എന്നോട് പറഞ്ഞു.സുഗതകുമാരി ദീർഘമായി പ്രസംഗിക്കുന്നതിനു പകരം ഹിംസക്കെതിരായ ഒരു കവിത വായിക്കുകയാണ് ഉണ്ടായത്.കവിത വായിച്ചതിനു ശേഷം അവർ എന്റെ അടുത്തേക്ക് വന്ന് ആ കവിതയുടെ മാനുസ്‌ക്രിപ്റ്റ് എനിക്ക് സമ്മാനിച്ച് എന്റെ അടുത്ത് ഇരുന്നു. ആ അപ്രതീക്ഷിത പ്രതികരണം എന്നെ വല്ലാതെ വികാരവിക്ഷുബ്ധനാക്കി.

ഞാൻ സുഗതകുമാരിയെ അവസാനമായി കാണുന്നത് 2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന സുഹൃത്തായ ആത്മാരാമന്റെ (കൃഷ്ണകുമാർ) ഒരു പുസ്തകപ്രകാശനത്തിന്റെ വേദിയിൽ ആണ്. എനിക്കല്പം ദുഷ്‌കരമായ തൃശൂരിൽ നിന്ന് ഒറ്റക്കുള്ള യാത്ര തെരഞ്ഞെടുക്കുമ്പോൾ ഉള്ളിൽ സുഗതകുമാരിയെ കാണുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. അവർ വളരെ അവശയായിരുന്നു.പുസ്തകം പ്രകാശനം ചെയ്തതും ആദ്യപ്രസംഗം നടത്തിയതും അവരായിരുന്നു.പ്രാസംഗികരുടെ പട്ടികയിൽ ഞാൻ അവസാനമായിരുന്നു. സുഗതകുമാരിയുടെ പ്രസംഗത്തിന്റെ അവസാനത്തിൽ ,ആ ക്രമം തെറ്റിച്ച് എന്റെ പ്രസംഗം രണ്ടാമതാക്കണമെന്നും അത് കൂടി കേട്ട് കഴിഞ്ഞ് തനിക്ക് വീട്ടിൽ പോയി വിശ്രമിക്കണം എന്നും അവർ പറഞ്ഞു .കവിതാപശ്ചാത്തലം ഒന്നും ഇല്ലാത്ത ഒരു കൗമാരക്കാരനെ സുഗതകുമാരിക്കവിത രാഷ്ട്രീയമായും സൗന്ദര്യശാസ്ത്രപരമായും എങ്ങിനെ മാറ്റിപ്പണിതു എന്ന് ആദ്യമായി അവരോട് നേരിട്ട് കൃതജ്ഞതാപ്രകടനം നടത്താൻ ആ പ്രസംഗത്തിലൂടെ എനിക്ക് അവസരം ലഭിച്ചു.എന്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് അവരോട് നടത്തിയിട്ടുള്ള ഗുരുനിന്ദക്ക് ക്ഷമ ചോദിക്കാനും .

വൈലോപ്പിള്ളിയുടെ ചില കവിതകളോടൊപ്പം ,എന്റെ അടിസ്ഥാനമൂലകങ്ങളിൽ ശാശ്വതമായി മാറ്റം വരുത്തിയ രാഷ്ട്രീയകവിതയാണ് സുഗതകുമാരിയുടെ 'ബിഹാർ'.യഥാർത്ഥ ഭാരതമാതാവ് ആരാണെന്ന് എന്നെ പഠിപ്പിച്ചത് ആ കവിതയാണ് .ആ ഭാരതമാതാവിനെപ്രതി ശക്തമായ പ്രത്യയശാസ്ത്രങ്ങളെ എതിർക്കാനും സൗഹൃദത്തിന്റെ പല പാലങ്ങൾ കത്തിച്ചു കളയാനും എനിക്ക് പിന്നീട് ശക്തി ലഭിച്ചു .

എനിക്ക് ഒരു ഭാരതമാതാവേ ഉള്ളൂ. അത് ഹിന്ദുത്വയുടെ സിംഹവാഹനത്തിൽ ഇരുപ്പുറപ്പിച്ച സർവാഭരണഭൂഷിതയായ ഭാരതമാതാവല്ല. ബംഗാൾ വിഭജനക്കാലത്തു അബനീന്ദ്രനാഥ ടാഗോർ വരച്ചതുമല്ല. എന്റെ ഭാരതാംബ 'ബീഹാർ 'എന്ന കവിതയിൽ സുഗതകുമാരി വരഞ്ഞതാണ്.1960 കൾ അവസാനം ബിഹാർ ക്ഷാമകാലത്ത് എഴുതിയ ആ യഥാർത്ഥ ഭാരതമാതാവിന്റെ ചിത്രം ഇങ്ങനെ :

'കീറിമങ്ങിയ ചേല-
ത്തുമ്പിനാലകാലത്തി -
ലാകവേ നര ചൂഴും
വാർനെറ്റി മൂടി ക്കൊണ്ടും
പച്ചകുത്തിയ മെലി-
വാർന്നൊരക്കയ്യിൽ കൊച്ചു
തട്ടത്തിൽ വാടും പൂക്കൾ
പേറിയും മുഖം താണും
കുണ്ടിലാർന്നൊരു നീണ്ട
കൺകളിൽ കണ്ണീരാർന്നും
ചുണ്ടിലായ് സദാ 'രാമ,
രാമ 'മന്ത്രമേ ചേർന്നും
ഈ മഹാശിലാകൂട-
ത്തിന്റെ മുന്നിലായ് നിന്നു
കാമിതം നേരുന്നോളേ
പാവമാമമ്മേ കേൾക്കൂ

നല്ല മക്കളെപ്പെറ്റ
വയറേ തണുക്കുള്ളൂ;
കല്ലുപോൽ കരളായി-
ക്കണ്ണീരു കാണാത്തോരായ്
തന്നിൽ മാത്രമേ പ്രേമ-
മോലുവോരായി സ്വാർത്ഥ -
ഖിന്നരായലസരാം
നൂറുനൂറാണ്മക്കൾക്കു

ജന്മമേകി നീ ,പുത്ര
വതി നിൻ ചുവപ്പാർന്ന
കണ്ണുനീർ വീഴുന്നേടം
കത്തുമോ ?പേടിപ്പു ഞാൻ.

എന്തു നീയർത്ഥിക്കുന്നു?
കനിയാൻ മറന്നൊരീ
വിണ്ടലത്തോടോ?ചൂടു
വമിക്കും ശിലയോടോ ?
എന്തിലും കുലുങ്ങാത്ത
കാലമാം മഹാശക്തി
മണ്ഡലത്തോടോ ?നിന്റെ
ദുഃഖദേവതയോടോ ?
നിന്റെ മക്കൾ തൻ നിർല്ല -
ജ്ജതയോടാമോ ?ദേവീ
മിണ്ടുകില്ലവയൊന്നും
മടങ്ങിപ്പോയാലും നീ .'

അന്നെന്നല്ല ,ഇന്നും ആ മാതാവിന്റെ ചീത്ത മക്കൾ ഈ നാടിൻറെ യാഥാർത്ഥ ജനാധിപത്യസ്വപ്നങ്ങൾ അസാധ്യമാക്കുന്നു.

ഇത് മലയാളത്തിലെ വലിയൊരു രാഷ്ട്രീയ കവിതയുടെ ഭാഗം മാത്രമാണ്. അത് പൂർണ്ണമായി വായിക്കുക. അന്ന് സുഗതകുമാരി മനസ്സിൽ പതിപ്പിച്ച ഈ അമ്മയെ മറന്ന് എനിക്ക് ഒരു എഴുത്തുജീവിതവുമുണ്ടായിട്ടില്ല. ഈ കീഴാളഭാരതമാതാവിന്റെ ഉത്തമതാൽപ്പര്യങ്ങൾക്ക് എതിർ നിൽക്കുന്നു എന്ന സംശയത്തിൽ ഞാൻ ഉപേക്ഷിക്കാത്ത ഒരു ഉറ്റ ബന്ധവുമില്ല.

സുഗതകുമാരിയെ കുറിച്ച് ഇനിയും ഓർമ്മകൾ ഉണ്ട്. കഴിഞ്ഞ വർഷം ഇതു പോലെ ആത്മാവോടടുത്ത മറ്റൊരു കവി, ആറ്റൂർ രവിവർമ്മ, മരിച്ചപ്പോൾ ഓർമ്മകളുടെ ബാഹുല്യം നിമിത്തം ഞാൻ സ്തബ്ധനായി പോയി. ഒന്നും എഴുതാനായില്ല. ഇപ്പോൾ ഇത്രയെങ്കിലും എഴുതി.

എന്റെ കാലത്തെ ഏറ്റവും വലിയ അത്ഭുതപ്രതിഭ(prodigy) ആയിരുന്നു സുഗതകുമാരി.
(ഡിസംബർ ,2020 )