കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

  1. Home
  2. Kerala

കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

KANNUR


കണ്ണൂർ കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമ നടൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം. പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയും നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടനുമായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലുണ്ടായിരുന്ന കണ്ണവം പോലീസിന്റെ സിസിടിവി ക്യാമറയും പോസ്റ്റും പൂർണ്ണമായും തകർന്നു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസിന്റെ കാറാണ് അപകടമുണ്ടാക്കിയത്. പേരാവൂർ ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ, കണ്ണവം ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബാബുവിന്റെയും ഇസ്മായിലിന്റെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാബു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രശസ്ത സംവിധായകൻ വിനയന്റെ 'അത്ഭുത ദ്വീപ്' ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് അന്തരിച്ച ഇസ്മായിൽ. അപകടത്തിൽ കണ്ണവം പോലീസ് കേസെടുത്ത് മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.