തൃശൂരിൽ കാർ മണലിപ്പുഴയിൽ മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു
തൃശൂരിൽ നിയന്ത്രണംവിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞ് ഒഴുകിപ്പോയി. കാർ ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മടവാക്കര കാച്ചക്കടവിലാണ് അപകടമുണ്ടായത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാൻ ഓടിച്ചിരുന്ന കാറാണ് പുഴയിലേക്ക് മറിഞ്ഞത്. ആലുവയിലെ സ്വകാര്യ കോളജിലെ എൽഎൽബി വിദ്യാർഥിയാണ് സിനാൻ. ആലുവയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
വളവുള്ള ഭാഗത്ത് വച്ച് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് നീങ്ങിയതോടെ സിനാൻ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. പിന്നാലെ എത്തിയ യാത്രക്കാരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് കാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ വാഹനം ഒഴുകിപ്പോയി.
ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. പുതുക്കാട് അഗ്‌നിരക്ഷാ സേനയും സ്‌കൂബ സംഘവും ചേർന്നാണ് ദൗത്യം നടത്തുന്നത്. ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നുണ്ട്.
