പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസെടുത്തു
ആലപ്പുഴയിൽ പ്രസവ ശസ്ത്രക്രിയയിൽ വലിയ വീഴ്ചവരുത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് പൊലീസാണ് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ജയിൻ ജേക്കബിനെതിരെ കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ വയറ്റിലാണ് പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടിയത്. ജൂലായ് 23ന് പ്രസവവേദനയ്ക്ക് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് യുവതിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശരീരമാകെ നീര് വരികയും അസ്വസ്ഥതകളുണ്ടാകുകയും ചെയ്തു.
എന്നാൽ കുഞ്ഞിന് കുഴപ്പമുണ്ടായിരുന്നില്ല. രക്തം കട്ടപിടിക്കുന്നതടക്കം പ്രശ്നമുണ്ടായതോടെ രക്തക്കുറവുണ്ടായി. ഇതോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് രക്തം എത്തിച്ചുനൽകി. എന്നാൽ 26ന് സ്റ്റിച്ചിട്ട ഭാഗത്ത് നിന്നും അമിതരക്തസ്രാവം ഉണ്ടായി.വണ്ടാനം മെഡിക്കൽ കോളേജിൽ 27ന് യുവതിയെ എത്തിച്ച് സ്‌കാനിംഗ് നടത്തിയ ശേഷം ഒരു ശസ്ത്രക്രിയ നടത്തി. സ്‌കാനിംഗിന്റെ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിരുന്നില്ല. പിന്നീടും ഒരു ശസ്ത്രിക്രിയ നടത്തി. ഇത്തവണ പഞ്ഞിയും തുണിയുമടക്കം മെഡിക്കൽ വേസ്റ്റ് യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തു. യുവതിയുടെ മാതാവ് വിഷയത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ആശുപത്രി അധികൃതർ നടത്തിയിട്ടില്ല.