കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന കേസ്; എസ്എഫ്‌ഐ നേതാവ് കെ. നവനീതിനെ പുറത്താക്കി സിപിഎം

  1. Home
  2. Kerala

കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന കേസ്; എസ്എഫ്‌ഐ നേതാവ് കെ. നവനീതിനെ പുറത്താക്കി സിപിഎം

image


കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട എസ്എഫ്‌ഐ നേതാവ് കെ. നവനീതിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി സിപിഎം. ചുഴലി ലോക്കൽ കമ്മിറ്റിയാണ് നടപടി അറിയിച്ചത്. ഇതോടെ എസ്എഫ്‌ഐ, ബാലസംഘം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ ചുമതലകളിൽനിന്നും നവനീത് ഒഴിവായി.

പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്‌ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായിരുന്നു ചുഴലി സ്വദേശിയായ നവനീത്. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. ഈ മാസം 20നായിരുന്നു പരാതിക്കാസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ നവനീത് ഒളിഞ്ഞുനിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞദിവസം നവനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേസമയം, പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു. പരാതി ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു.

സംഭവത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് നവനീതിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനുള്ള സിപിഎം തീരുമാനം.