വീട്ടിൽ വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; ആന്‍റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ആന്റോ അഗസ്റ്റിൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
വയനാട്ടിലെ ആന്റോയുടെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും പിടികൂടിയെന്നാണ് എക്‌സൈസ് പറയുന്നത്. വ്യാഴാഴ്ചയാണ് പരിശോധന നടത്തി മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് കേസെടുത്ത് ആന്റോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൊച്ചിയിലെ കളമശേരിയിലുള്ള റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് നിന്നാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.
അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ പരിശോധനയ്‌ക്കെത്തിയ പൊലീസാണ് വീട്ടിൽ മദ്യശേഖരം കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് പൊലീസ് എക്‌സൈസിനെ അറിയിക്കുകയായിരുന്നു.
അതേസമയം, വീട്ടിൽ നിന്ന് പിടികൂടിയ മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. താൻ മദ്യപിക്കാത്ത ആളാണെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ പറയുന്നു.
