തൊടുപുഴയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച കേസ്; മൂന്ന് സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാപ്രേരണ കേസ്
തൊടുപുഴ വെങ്ങല്ലൂരിലെ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് സഹപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അൽഫോൻസ, ലിസി, നിഷ എന്നിവർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മൂന്ന് ജീവനക്കാരെയും ആശുപത്രി അധികൃതർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ആശുപത്രിയിലെ നഴ്സായ മുപ്പത്തിയൊന്നുകാരി എം. മെറിൻ നീതു ആണ് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ 2026 ജൂൺ ഒന്നിന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ഭാരതീയ ന്യായ സംഹിതയിലെ (BNS) 62, 108, 356(2), 351 (3), 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2026 മെയ് 18 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ പ്രതികൾ മൂന്നുപേരും ചേർന്ന് ആശുപത്രിയിൽ വെച്ച് യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
ജോലി നഷ്ടമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഈ സംഭവങ്ങൾ യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തൽ.ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന മെറിനിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
