ആർഎസ്‌എസ് പരിപാടിയിൽ കേന്ദ്ര സർവകലാശാല വി സി മുഖ്യാതിഥി
കാസറഗോഡ് പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തിലേക്ക്. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വിസി സിദ്ധു പി അൽഗൂർ മുഖ്യ അതിഥിയായി എത്തിയത്. വിസിക്കൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ മുഴുവൻസമയവും പങ്കെടുത്തു.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.ആർഎസ്എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന സിനിമയുടെ പ്രത്യേക പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. വിസിയെ ആർഎസ്എസ് നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.ഒരു കേന്ദ്ര സർവകലാശാലയുടെ ഉന്നത പദവിയിലുള്ള വ്യക്തി പരസ്യമായി രാഷ്ട്രീയ-സംഘടനാ പരിപാടിയിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്.
