നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണം: സുപ്രീം കോടതിയിൽ അടിയന്തര ഹർജി

  1. Home
  2. Kerala

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണം: സുപ്രീം കോടതിയിൽ അടിയന്തര ഹർജി

Nimisha Priya


യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. 'സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' ആണ് ഹർജി സമർപ്പിച്ചത്. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിൽ അധികൃതർക്കു ലഭിച്ചതായി നിമിഷപ്രിയയുടെ മോചനശ്രമങ്ങൾക്കു നേതൃത്വം നൽകിയിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. കഴിഞ്ഞ വർഷം ഏപ്രിലിൽ യെമനിലേക്കു തിരിച്ച അമ്മ പ്രേമകുമാരി ഇപ്പോഴും സനായിൽ സാമുവൽ ജെറോമിന്റെ വസതിയിൽ കഴിയുകയാണ്. നിമിഷയുടെ അമ്മ ജയിലിലെത്തി ഉത്തരവ് ലഭിച്ചെന്ന വിവരം സ്ഥിരീകരിച്ചെന്നും ജെറോം പറഞ്ഞു.2017ൽ യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ അറസ്റ്റിലാകുകയും പിന്നീട് വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തത്.