വൈറ്റിലയിലെ ചന്ദർകുഞ്ച് ഫ്ലാറ്റുകൾ പൊളിക്കുന്നു; കരാർ ഒപ്പിട്ടു
കൊച്ചി വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലുള്ള ചന്ദർകുഞ്ച് ആർമി ടവറുകൾ പൊളിച്ചുനീക്കാൻ അന്തിമ കരാറായി. ഫോർട്ട് കൊച്ചി ആർഡിഒയും മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിങ് കമ്പനിയും തമ്മിലാണ് കരാർ ഒപ്പിട്ടത്. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച അതേ വിദഗ്ധ സംഘമാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ബലക്ഷയം കണ്ടെത്തിയ 26 നിലകളുള്ള ബി, സി ടവറുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുക. 2018ൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമ്മിച്ച കെട്ടിടങ്ങളിലെ ബലക്ഷയത്തെത്തുടർന്ന് 208 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
9.66 കോടി രൂപ ചെലവിലാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കുന്നത്. 2027 മാർച്ച് രണ്ടാം വാരത്തോടെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് ഏപ്രിൽ പകുതിയോടെ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമാണത്തിലെ അപാകതകൾ കാരണം കെട്ടിടങ്ങൾക്ക് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവ പൊളിച്ചുനീക്കി പുനർനിർമിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഫ്ലാറ്റുകൾക്ക് സമീപമുള്ള മറ്റൊരു ടവറും വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ പാതയുമാണ് പൊളിക്കൽ നടപടിയിലെ പ്രധാന വെല്ലുവിളികൾ. എന്നാൽ നിയന്ത്രിത സ്ഫോടനത്തിലൂടെ സമീപത്തെ കെട്ടിടങ്ങൾക്കും മെട്രോ സംവിധാനത്തിനും കേടുപാടുകൾ ഉണ്ടാകില്ലെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്.
