മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ; വിമർശനങ്ങൾ പാർട്ടി ഉൾക്കൊള്ളണമെന്ന് ആവശ്യം

  1. Home
  2. Kerala

മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ; വിമർശനങ്ങൾ പാർട്ടി ഉൾക്കൊള്ളണമെന്ന് ആവശ്യം

image


സിഎംആർഎൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് യുഡിഎഫ് നിലപാടെന്നും എന്നാൽ മാത്യു കുഴൽനാടന്റെ വിമർശനങ്ങൾ കൂടി പാർട്ടി ഉൾക്കൊള്ളണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേസിന്റെ എ ടു സെഡ് കാര്യങ്ങളും മാത്യുവിന് അറിയാമെന്നും നിയമനടപടികളിൽ വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ട്,10 വർഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . പാർലമെൻററി പാർട്ടി യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വമാണ്. പാർട്ടിയിൽ പറയുന്നതുപോലെയല്ല സർക്കാരിൽ പറയുന്നത്. സർക്കാരിന് സർക്കാരിന്റേതായ തീരുമാനങ്ങൾ ഉണ്ടാകാം. തൻ്റെ പിതാവിനെ പല കാര്യങ്ങളിൽ കുടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞ സർക്കാരിന്റെ ഭാഗത്തുനിന്ന് തൻറെ പിതാവിന് നീതി നിഷേധം 10 വർഷക്കാലം ഉണ്ടായി. ഉചിതവും നീതിപൂർവ്വമായ കാര്യങ്ങൾ സർക്കാർ ചെയ്യട്ടെ. ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ. താൻ മന്ത്രിസഭയിൽ ഉള്ള ആളല്ല. മന്ത്രിസഭയിൽ ഉള്ള ആളാണെങ്കിൽ തനിക്ക് ഇതിനെ പറയാൻ കഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.