സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

rain alert


സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിരുന്നത്. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഏഴു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദമാണ് തീവ്രമായത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. തുടർന്ന് ഇന്ന് വടക്കൻ ഒഡീഷ -പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി കരയിൽ പ്രവേശിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.