ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ എല്ലാവരും ഒറ്റക്കെട്ട്; അടൂർ പ്രകാശ്
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പ്രകടിപ്പിക്കുന്ന അസ്വസ്ഥതയിൽ പ്രസക്തിയില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമുണ്ടായെന്ന ആക്ഷേപം അടൂർ പ്രകാശ് തള്ളി. കോൺഗ്രസിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും പാലിച്ചാണ് എ.ഐ.സി.സി അന്തിമ തീരുമാനമെടുത്തത്. യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളുടെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ എടുത്ത ഈ തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നു. മുന്നണി ഒറ്റക്കെട്ടായി വി.ഡി. സതീശന് പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല മാധ്യമങ്ങളെ കാണാതെ മടങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരം വൈകാരിക പ്രതികരണങ്ങൾക്ക് ഇനി സ്ഥാനമില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് നേതാക്കൾ നേരത്തെ സമ്മതിച്ചതാണ്. അതുകൊണ്ട് തന്നെ വ്യക്തിപരമായ എതിർപ്പുകൾ മുന്നണിയുടെ യാത്രയെ ബാധിക്കില്ല.
ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ തിരഞ്ഞെടുത്തതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. മുന്നണിയിലെ എല്ലാ കക്ഷികൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരുടെയും നിലപാടുകൾ കേട്ട ശേഷമാണ് ഹൈക്കമാൻഡ് വിവേകപൂർണ്ണമായ തീരുമാനമെടുത്തതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. ചിലയിടങ്ങളിൽ പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങൾ വരുംദിവസങ്ങളിൽ അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
