ചേരാനല്ലൂർ വാഹനാപകടക്കേസ്: ഇനി വാദം അടച്ചിട്ട മുറിയിൽ; കോടതിയിൽ കൊമ്പുകോർത്ത് പ്രോസിക്യൂഷനും കുടുംബത്തിന്റെ അഭിഭാഷകനും
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ഇനി വാദം അടച്ചിട്ട മുറിയിൽ നടക്കും. കേസിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്ര അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെത്തുടർന്നാണ് കോടതിയുടെ നടപടി.
കോടതി നടപടികളുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു. ആരോപണം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. സമ്മർദങ്ങളില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നും പ്രോസിക്യൂഷനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
എന്നാൽ, പ്രോസിക്യൂഷൻ ആവശ്യമായ രേഖകൾ നൽകുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ തിരിച്ചടിച്ചു. ഇതോടെ അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മിൽ കോടതിയിൽ രൂക്ഷമായ തർക്കമുണ്ടായി.ചില കാര്യങ്ങൾ പരസ്യമായി പറയാൻ കഴിയില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയതോടെയാണ് അടച്ചിട്ട മുറിയിൽ വാദം നടത്താനുള്ള നടപടികളിലേക്ക് കോടതി കടന്നത്. കുടുംബം ഇതിനെ എതിർത്തെങ്കിലും ഇൻ ക്യാമറ വാദം തുടരുകയാണ്.
