ചേരാനല്ലൂർ വാഹനാപകടം:കാർ ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

  1. Home
  2. Kerala

ചേരാനല്ലൂർ വാഹനാപകടം:കാർ ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

image


കൊച്ചിയിലെ ചേരാനല്ലൂരിൽ ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ച 17കാരന്റെ പിതാവിനെതിരെയും പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെയാണ് കേസ്. വാഹനത്തിന്‍റെ ആർസി ഉടമസ്ഥൻ എന്ന നിലയിലാണ് പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.

2022ൽ വാങ്ങിയ ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകൻ ഓടിച്ച ഈ കാറിടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ 17കാരന് മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.

ഇതിനെതിരെ മരിച്ചയാളുടെ കുടുംബവും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് രാത്രി വൈകി വീണ്ടും 17കാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയെങ്കിലും പ്രതിക്ക് വീണ്ടും ജാമ്യം അനുവദിക്കുകയായിരുന്നു.