ചേരാനല്ലൂർ വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

  1. Home
  2. Kerala

ചേരാനല്ലൂർ വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

kochi accident


ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ, പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. അപകടത്തിൽ കൊല്ലപ്പെട്ട മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്ണന്റെ (55) കുടുംബം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി. സ്റ്റേഷൻ ഹൗസ് ഓഫീസർ മുഖേന പ്രതിക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി, വിഷയത്തിൽ പബ്ലിക് പ്രോസിക്യൂട്ടറോട് നിലപാട് തേടാനും ഉത്തരവിട്ടു. കേസ് അടുത്ത വ്യാഴാഴ്ച (നവംബർ 19) വീണ്ടും പരിഗണിക്കും.

ഒക്ടോബർ 25-ന് പുലർച്ചെയായിരുന്നു അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ ദാരുണമായി മരിച്ചത്. സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് 17-കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കൊല്ലപ്പെട്ടയാളുടെ കുടുംബവും നൽകിയ അപ്പീലുകൾ നേരത്തെ കുട്ടികളുടെ കോടതി തള്ളിയതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

പ്രതി ഉന്നത സ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 12 പ്രകാരം, ജാമ്യം നൽകുന്നത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തുമെങ്കിൽ അത് നിഷേധിക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട കാറുടമയും പ്രതിയുടെ പിതാവുമായ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.