ചേർത്തല അമ്പിളി കൊലക്കേസ്: ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം
ആലപ്പുഴ ചേർത്തല അമ്പിളി കൊലക്കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തവും,രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ഭാര്യയെ നടുറോഡിൽ കുത്തികൊലപ്പെടുത്തിയ കേസിലാണ് പ്രതി രാജേഷിന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷാ വിധിച്ചത്. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു പ്രതി രാജേഷ്.തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കലക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ 2024 മെയ് 18നാണ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്.
ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളി കളക്ഷൻ പൂർത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി നഗരമധ്യത്തിൽ വച്ച് തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യ കുത്ത് നെഞ്ചിലായിരുന്നു. അതിൽ അമ്പിളി കൊല്ലപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ 17 തവണ കുത്തിയാണ് അമ്പിളിയെ കൊലപ്പെടുത്തിയത്.അമ്പിളിയും രാജേഷും തമ്മിൽ പ്രണയ വിവാഹമായിരുന്നു. എന്നാൽ കുടുംബ ജീവിതത്തിൽ പലവിധ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു.
ചേർത്തല ഇൻസ്‌പെക്ടർ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. തെളിവെടുപ്പിനുശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയൽചെയ്ത ജാമ്യഹർജികൾ തള്ളി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയുടെ കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കൽ തെളിവുകളും ഹാജരാക്കി.
