ബജറ്റ് തിരക്കിൽ മുഖ്യമന്ത്രി; ജൂൺ 19 വരെ നേരിൽ കാണാനാകില്ലെന്ന് ഓഫീസ്
ജൂൺ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശകർക്ക് നേരിട്ട് കാണാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പിൽ പറയുന്നത്.പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും ഉണ്ടാകുന്ന ഈ താൽക്കാലിക ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അറിയിപ്പിന്റെ പൂർണരൂപം
'നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാൽ ജൂൺ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഈ താല്ക്കാലിക ബുദ്ധിമുട്ടിൽ നിങ്ങളുടെ സഹകരണം കൂടി അഭ്യർഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തിൽ എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു'
വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും എന്നാണ് അറിയാനുള്ളത്. ഇന്ന് ആരംഭിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും
