മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ആവശ്യപ്പെടുന്നത് 89 രൂപ

  1. Home
  2. Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ആവശ്യപ്പെടുന്നത് 89 രൂപ

v d satheesan


മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പേജ് നിർമ്മിച്ച് പണപ്പിരിവ് നടത്തുന്നതായി പരാതി. 'ചീഫ് മിനിസ്റ്റർ വിഡിഎസ്' എന്ന പേരിലുള്ള വ്യാജ പേജിലൂടെയാണ് സബ്‌സ്‌ക്രിപ്ഷൻ തുകയായി പ്രതിമാസം 89 രൂപ ആവശ്യപ്പെടുന്നത്.

ഫേസ്ബുക്കിൽ വി.ഡി. സതീശൻ എന്ന് സെർച്ച് ചെയ്താൽ നിരവധി അക്കൗണ്ടുകൾ കാണാം. ഇതിൽ 5,89,000-ത്തോളം ഫോളോവേഴ്‌സുള്ള ഒരു പേജാണ് സബ്‌സ്‌ക്രൈബ് ചെയ്യാൻ പണം ആവശ്യപ്പെടുന്നത്. ഈ പേജിൽ എത്രപേർ പണം നൽകി സബ്‌സ്‌ക്രിപ്ഷൻ എടുത്തിട്ടുണ്ടെന്ന വിവരം നിലവിൽ 'ഹൈഡ്' ചെയ്തുവെച്ചിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്‌സുള്ള പേജ് ആയതിനാൽ തന്നെ നിരവധി പേർ ഇതിനോടകം കെണിയിൽ പെട്ടിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ധർ വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയുടെ പേരിൽ ഔദ്യോഗികമായി വെരിഫൈഡ് ചെയ്ത ഫേസ്ബുക്ക് പേജ് ഒരെണ്ണം മാത്രമേയുള്ളൂവെന്നും സബ്‌സ്‌ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുന്ന ഇത്തരം പേജുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുവേ ചലച്ചിത്ര താരങ്ങളും സെലിബ്രിറ്റികളുമാണ് തങ്ങളുടെ പ്രത്യേക പോസ്റ്റുകൾ കാണാനായി ഫേസ്ബുക്കിൽ സബ്‌സ്‌ക്രിപ്ഷൻ ഫീസായി തുക നിശ്ചയിക്കാറുള്ളത്. ഇത് മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് സംഘം വ്യാജ പേജ് വഴി പണം തട്ടാൻ ശ്രമിക്കുന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.