പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന് ഡൽഹിയിൽ
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസായ സേവാ തീർത്ഥിൽ രാവിലെ 11.15-നാണ് നിർണ്ണായകമായ ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിയും ഇരുവരും തമ്മിലുള്ള ചർച്ചയിൽ പ്രധാന വിഷയങ്ങളാകും. ഇതിനു പുറമെ, കേരളത്തിന് ലഭിക്കാനുള്ളതും നിലവിൽ മുടങ്ങിക്കിടക്കുന്നതുമായ കേന്ദ്ര നികുതി വിഹിതവും മറ്റ് സാമ്പത്തിക സഹായങ്ങളും എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉച്ചയ്ക്ക് 2.30-ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തും. കർത്തവ്യ ഭവനിൽ വെച്ചാണ് ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധ പരിഹരിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ധനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
