അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ദേവലോകത്തേക്ക്; നാളെ ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും
ഓർത്തഡോക്സ് സഭയുടെ കടുത്ത അതൃപ്തി പരിഹരിക്കുന്നതിനുള്ള അനുനയ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ സഭാ ആസ്ഥാനമായ ദേവലോകം സന്ദർശിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് മുഖ്യമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ദേവലോകത്തെത്തുന്ന അദ്ദേഹം ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.
പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനത്തിനിടെ മണർകാട് പള്ളിയിൽ കുർബാന അർപ്പിക്കാൻ അവസരം നൽകിയതിനെത്തുടർന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ഈ നടപടി സഭയെ ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന് സഭാ അധ്യക്ഷൻ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.
ഇതോടെ സർക്കാരും സഭയും തമ്മിലുള്ള അകൽച്ച വർദ്ധിച്ച സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ദേവലോകത്തേക്ക് എത്തുന്നത്. വിദേശ സന്ദർശനത്തിലായിരുന്ന ഓർത്തഡോക്സ് സഭാധ്യക്ഷൻ തിങ്കളാഴ്ചയാണ് കേരളത്തിൽ തിരിച്ചെത്തിയത്. സഭാ തർക്കം പരിഹരിക്കുന്നതിനായി സർക്കാർ മുന്നിട്ടിറങ്ങുമെന്ന് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
