മുഖ്യമന്ത്രി സ്ഥാനം ;വി ഡി സതീശന് പിന്തുണയുമായി ജോസഫ് വിഭാഗം
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ കോൺഗ്രസിൽ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീഷിനെ പിന്തുണയ്ക്കാൻ പി.ജെ ജോസഫ് വിഭാഗം. ജോസഫ് വിഭാഗം യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രണ്ടുമന്ത്രി സ്ഥാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.
കോൺഗ്രസ് വിളിച്ച യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഫ്രാൻസിസ് ജോർജ് എംപി ജോസഫിനെ കാണാനെത്തിയിരുന്നു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫും പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് അഭിപ്രായം ചോദിച്ചാൽ പറയും . ഇപ്പോൾ അത് പറയുവാൻ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് മുതിർന്ന നേതാവും ഇരിങ്ങാലക്കുട നിയുക്ത എംഎൽഎയുമായ തോമസ് ഉണ്ണിയാടനും ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടിൽ ഏഴു സീറ്റും ജയിച്ച പാർട്ടിക്ക് അതിന് അർഹതയുണ്ട്. തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
