ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെ.പി.സി.സി താക്കീത്; കേസുകൾ പിൻവലിക്കാൻ നിർദേശം

  1. Home
  2. Kerala

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെ.പി.സി.സി താക്കീത്; കേസുകൾ പിൻവലിക്കാൻ നിർദേശം

remya


തിരുവനന്തപുരം ചിറയിൻകീഴിൽ എം.എൽ.എയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യാ ഹരിദാസ് എം.എൽ.എക്കും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെ.പി.സി.സി താക്കീത്. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് നടപടി അറിയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും, പരസ്പരം നൽകിയ കേസുകൾ പിൻവലിക്കണമെന്നും വിവദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫാക്കരുതെന്നും പാർട്ടി നിർദേശിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

പാർട്ടിക്ക് കടുത്ത നാണക്കേടുണ്ടാക്കിയ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് സമിതി അന്വേഷണം നടത്തി ഇരുഭാഗത്തിന്റെയും വാദം കേട്ടത്. സംഭവത്തെ തുടർന്ന് രമ്യാ ഹരിദാസിന്റെ സഹായി പാളയം പ്രദീപ്, സജിത്ത് മുട്ടപ്പാലത്തിന്റെ സുഹൃത്ത് സജാദ് എന്നിവരെ കോൺഗ്രസിന്റെ പ്രാദേശിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, സസ്‌പെൻഷന് പിന്നാലെ മുൻകാലപ്രാബല്യത്തോടെ പ്രദീപിനെ സ്റ്റാഫാക്കാൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്കിടയാക്കി. മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ പ്രവര്‍ത്തനങ്ങളില്‍ ഇനി പ്രദീപ് ഇടപെടുന്നത് ഒഴിവാക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔദ്യോഗിക പദവിയില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് പ്രാദേശിക നേതാക്കൾ ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രമ്യയും പ്രദീപും രാത്രിയിലെത്തുകയും വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു. വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ വിലക്കിയ പാർട്ടി, മണ്ഡലം കമ്മിറ്റിയുമായി യോജിച്ച് മുന്നോട്ടുപോകാൻ എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന നാലംഗ സമിതിക്കും രൂപം നൽകിയിട്ടുണ്ട്.