എൽപിഎസ്‌ടി സമരത്തിൽ പങ്കെടുത്ത് സിജെപി നേതാക്കൾ

  1. Home
  2. Kerala

എൽപിഎസ്‌ടി സമരത്തിൽ പങ്കെടുത്ത് സിജെപി നേതാക്കൾ

image


സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന 12 മണിക്കൂർ നീണ്ട നിരാഹാര സമരത്തിന് പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് വിജയ് റെഡ്ഡി മല്ലങ്കി. വിജയ് റെഡ്ഡിക്ക് പുറമെ പാർട്ടിയിലെ മറ്റു നേതാക്കളും സമരത്തിൽ പങ്കെടുത്തു.യുഡിഎഫ് അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ എൽപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ളവരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിച്ചില്ലെന്ന് വിജയ് റെഡ്ഡി ആരോപിച്ചു.

സർക്കാർ വാഗ്ദാനം നിറവേറ്റാത്തത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന സംശയം ശക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമന നടപടികൾ സുതാര്യമാക്കാൻ എല്ലാ സ്‌കൂളുകളിലെയും അധ്യാപക നിയമനം പി.എസ്.സി വഴി നടത്തണമെന്നും വിജയ് റെഡ്ഡി ആവശ്യപ്പെട്ടു.

അതേസമയം, സമരസമിതി സെക്രട്ടറി എസ്. വളർമതി ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. തല മുണ്ഡനം ചെയ്താണ് ഇവർ സമരത്തിന് തുടക്കമിട്ടത്. വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ഉത്തരവ് നൽകുക, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിദ്യാഭ്യാസ മന്ത്രി പി. ഷംസുദ്ദീൻ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.