ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ നാലുപേർക്ക് സസ്‌പെൻഷൻ

പുതുപ്പാടി ഗവ. ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ മർദിച്ചെന്ന പരാതിയെ തുടർന്ന് നാലു വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
പത്താം ക്ലാസിലെ 15 വിദ്യാർഥികൾ കൂട്ടം ചേർന്ന് തന്നെ ക്ലാസ്മുറിക്കുള്ളിൽവച്ച് മർദിച്ചു എന്നാണ് വിദ്യാർഥിയുടെ പരാതി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തലയ്ക്കും കണ്ണിനും പരുക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . കണ്ണിനേറ്റ പരുക്ക് ഗുരുതരമാണോ എന്നു വിലയിരുത്താൻ ഇന്ന് വിദ്യാർഥിയെ സ്വകാര്യ കണ്ണാശുപത്രിയിൽ പരിശോധനയ്ക്കും വിധേയനാക്കിയിട്ടുണ്ട്
സ്‌കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ സ്‌കൂളിലെത്തിയത്. അതേസമയം, കുട്ടിക്കു സാരമായ പരിക്കേറ്റിട്ടും സ്‌കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയില്ലെന്നും സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
എന്നാൽ സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമനടപടിക്കൊപ്പം നിൽക്കുമെന്നാണ് രക്ഷിതാക്കളെ അറിയിച്ചതെന്നും സ്‌കൂൾ എച്ച് എം അറിയിച്ചു. സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതർ താമരശ്ശേരി പൊലീസിനും താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിനു വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.