ക്ലിഫ് ഹൗസ് നവീകരണം: 1.23 കോടിയുടെ നിർമാണ ഉത്തരവ് റദ്ദാക്കി
ക്ലിഫ് ഹൗസ് നവീകരണത്തിനായി 1.23 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് നടപടി. ഉത്തരവ് മുഖ്യമന്ത്രിയെയോ ഓഫീസിനെയോ അറിയിക്കാതെ ഇറക്കിയതിൽ വിശദീകരണം തേടിയിട്ടുണ്ട്.
ഒക്ടോബർ 30നാണ് ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ ഇത്തരമൊരു ഉത്തരവ് തന്റെ അറിവോടെയല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
2022 മുതൽ തയ്യാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് നിർമാണപ്രവർത്തനങ്ങൾക്ക് ഉത്തരവിറക്കിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ജോലികൾ നടത്തേണ്ടതില്ലെന്നും അത്യാവശ്യമായ നവീകരണങ്ങൾ മാത്രം മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമാണപ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഈ നിർദേശം മറികടന്ന് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി റദ്ദാക്കുകയും പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തത്.
