ഗർഭാവസ്ഥയിലെ ഹൃദയാരോഗ്യം; ശ്രീചിത്ര ആശുപത്രിയും എസ്.എ.ടി ആശുപത്രിയും സംയുക്തമായി ഹൃദ്രോഗമുള്ള ഗർഭിണികൾക്കായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നു

  1. Home
  2. Kerala

ഗർഭാവസ്ഥയിലെ ഹൃദയാരോഗ്യം; ശ്രീചിത്ര ആശുപത്രിയും എസ്.എ.ടി ആശുപത്രിയും സംയുക്തമായി ഹൃദ്രോഗമുള്ള ഗർഭിണികൾക്കായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നു

health


ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ (SCTIMST) കാർഡിയോളജി വിഭാഗവും എസ് എ ടി ആശുപത്രിയും സംയുക്തമായി ഹൃദ്രോഗമുള്ള സ്ത്രീകളുടെ സമഗ്ര പരിചരണത്തിനുള്ള സംയുക്ത സംരംഭം ആരംഭിക്കുന്നു. ഹൃദ്രോഗമുള്ള സ്ത്രീകളുടെ പരിചരണത്തിനായും അവരുടെ ഹൃദ്രോഗങ്ങൾക്കുള്ള ശസ്ത്രക്രിയയും ഉൾപ്പെടുത്തിയാണ് 'ഹാർട്ട് ഇൻ പ്രെഗ്നൻസി ക്ലിനിക്ക്' പ്രവർത്തിക്കുക. ജന്മനായുള്ള ഹൃദ്രോഗങ്ങൾക്കുള്ള ചികിത്സയും ലഭിക്കും.

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എസ്എടി ഹോസ്പിറ്റൽ ഓരോ വർഷവും ശരാശരി 9,000-10,000 പ്രസവങ്ങൾ നടത്തുന്നു, അതിൽ 70% ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങളാണ്. ഇതിൽ 250-300 കേസുകളും വിവിധ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള യുവതികളാണ്. ഈ സാഹചര്യത്തിൽ ഉയർന്ന അപകടസാധ്യതയുള്ള ഇവരുടെ ഗർഭകാലത്ത് അവർക്ക് സമഗ്രമായ പരിചരണവും പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് പുതിയ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ സങ്കീർണ്ണമായ ഹൃദയ രോഗങ്ങൾക്കുള്ള ചികിത്സ ലഭിക്കും. SCTIMST-SAT (OBS-GYN) ടീമുകളുടെ സംയോജിത വൈദഗ്ധ്യം ക്ലിനിക്കിൽ പ്രയോജനപ്പെടുത്തും. ഹൃദ്രോഗമുള്ള ഗർഭിണികൾക്കായി വ്യക്തിഗത ചികിത്സാ പദ്ധതികൾ തരംതിരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ ഒരു മൾട്ടി ഡിസിപ്ലിനറി ടീം പ്രത്യേക കേന്ദ്രങ്ങളിൽ ചികിത്സിക്കാൻ ശുപാർശ ചെയ്യും. ഗർഭധാരണത്തിനു മുമ്പ് അപകടസാധ്യത വിലയിരുത്തലും കൗൺസിലിംഗും എല്ലാ സ്ത്രീകളിലും നടത്തും. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ഗർഭിണികളുടെ സമഗ്ര പരിചരണത്തിനായി സംസ്ഥാനത്തെ ആദ്യത്തെ സമർപ്പിത ക്ലിനിക്കായിരിക്കും SCTIMST-SAT സഹകരണം.

ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2. 45 ന് ശ്രീ ചിത്ര ആശുപത്രിയിൽ നടക്കും. എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മുതൽ 11 വരെയാണ് ആശുപത്രിയിൽ ക്ലിനിക്കിന്റെ സമയം.