പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി; സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപനം
പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. എല്ലാ വർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വെളളം ഒഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകുമ്പോൾ വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 6400-ലധികം ആളുകൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. തിരുവല്ല മേഖലയിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്. വെള്ളം ഇറങ്ങാത്തതും പ്രധാനമായും ഈ പ്രദേശത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും ആവശ്യമായ തുക ചെലവഴിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിൽ ഭക്ഷണം മികച്ച രീതിയിൽ ലഭ്യമാക്കണമെന്നും ടോയ്‌ലറ്റ് സൗകര്യമില്ലാത്ത ഇടങ്ങളിൽ ബയോ ടോയ്‌ലറ്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിഥി തൊഴിലാളികളും ദുരിതം അനുഭവിക്കുന്നുണ്ടെന്നും അവർക്കും ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
