ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; ആശങ്ക അറിയിച്ച് കുടുംബം, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
ചേരാനല്ലൂർ വാഹനാപകട കേസിൽ പൊലീസ് വിവരമറിയിക്കാൻ വൈകിയെന്നും അതിനിടയിൽ പ്രതിയുടെ പിതാവായ ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്നും മുഖ്യമന്ത്രി വി ഡി സതീശനോട് പരാതിപ്പെട്ട് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം. ചിറ്റൂരിലെ ജയബാലകൃഷ്ണന്റെ കുടുംബവീട്ടിലെത്തിയാണ് മുഖ്യമന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. സർക്കാരിന്റെയും പൊലീസിന്റെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.
അതേസമയം, കേസിലെ 17-കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിൽ ഗുരുതര പിഴവ് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി നൽകിയ അപ്പീൽ ജുവനൈൽ ജസ്റ്റിസ് (JJ) ആക്ട് പ്രകാരം രണ്ടുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
പിഴവുകൾ തിരുത്തി പുതിയ അപ്പീൽ സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് നാളത്തേക്ക് മാറ്റി. അതിനിടെ, അന്വേഷണ വീഴ്ചയുടെ പേരിൽ സ്ഥലംമാറ്റപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പടിയിറങ്ങി. പുതിയ കമ്മീഷണറായി ആർ. നിശാന്തിനി ഔദ്യോഗികമായി ചുമതലയേറ്റു.
