CMRL-എക്‌സാലോജിക് മാസപ്പടി കേസ്: എട്ടിടങ്ങളിൽ വീണ്ടും ഇ.ഡി പരിശോധന
CMRL-എക്‌സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. എട്ടിടങ്ങളിലാണ് ഇ.ഡിയുടെ പരിശോധന. കേസിൽ ഇത് രണ്ടാംഘട്ട പരിശോധനയാണ്.
ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇ.ഡി പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടർന്ന് അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയതിന് പിന്നാലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എക്‌സാലോജിക് ഡയറക്ടർ വീണ ടി.എയെ രണ്ട് തവണ ചോദ്യം ചെയ്യാനും ഇ.ഡി വിളിപ്പിച്ചിരുന്നു.
സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുമ്പായാണ് ഇ.ഡി വീണ്ടും പരിശോധന നടത്തുന്നത്. CMRL-ൽ നിന്ന് എക്‌സാലോജിക്കിലേക്ക് എത്തിയ പണം പിന്നീട് എങ്ങോട്ടാണ് പോയതെന്നും എങ്ങനെ വിനിയോഗിച്ചുവെന്നുമാണ് അന്വേഷണത്തിലെ പ്രധാന വിഷയം.
യാതൊരു സേവനവും നൽകാതെ CMRL-ൽ നിന്ന് എക്‌സാലോജിക് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.
എക്‌സാലോജിക് CMRL-ന് നൽകിയതായി പറയുന്ന സേവനങ്ങൾ എന്തൊക്കെയാണെന്നും CMRL-ൽ നിന്ന് ലഭിച്ച തുക പിന്നീട് എന്ത് ചെയ്തുവെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വീണ ടി.എയിൽ നിന്ന് ഇ.ഡി ചോദിച്ചറിഞ്ഞത്.
അതേസമയം, എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും ഇ.ഡി പരിശോധിച്ചുവരികയാണ്. എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്റെ 134 അനുബന്ധ രേഖകൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. CMRL മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരടക്കം ആറ് പേരെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
