'മുഖ്യമന്ത്രിയുടേത് പച്ചയായ വാഗ്ദാനലംഘനം, ഷൗക്കത്തലിയുടെ മരണത്തില്‍ ക്രിമിനല്‍ കേസെടുക്കണം'; പിണറായി വിജയന്‍

  1. Home
  2. Kerala

'മുഖ്യമന്ത്രിയുടേത് പച്ചയായ വാഗ്ദാനലംഘനം, ഷൗക്കത്തലിയുടെ മരണത്തില്‍ ക്രിമിനല്‍ കേസെടുക്കണം'; പിണറായി വിജയന്‍

cm pinarayi vijayan


കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്‍.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പിണറായി വിജയന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മലപ്പുറം കിഴിശ്ശേരിയില്‍ കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്.

ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്‍.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുന്‍പ് ഇതേ അവസ്ഥയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വര്‍ക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. വാഹനം നിരത്തിലിറക്കാന്‍ കഴിയാതെ വന്നതോടെ ബാങ്ക് വായ്പാ അടവുകള്‍ മുടങ്ങുകയും അദ്ദേഹത്തിന്റെ സിബില്‍ സ്‌കോര്‍ തകരുകയുമുണ്ടായി. ജീവിക്കാന്‍ മറ്റു വഴികളില്ലാതെ ഉപജീവനമാര്‍ഗ്ഗം പൂര്‍ണ്ണമായും അടഞ്ഞപ്പോഴാണ് ആ ചെറുപ്പക്കാരന് സ്വന്തം ജീവന്‍ ഉപേക്ഷിക്കേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് നാടൊട്ടുക്കും നടന്ന് യുഡിഎഫും ഇന്നത്തെ മുഖ്യമന്ത്രിയും നല്‍കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വാഹന മോഡിഫിക്കേഷന്‍ നിയമങ്ങളിലും ബോഡി വര്‍ക്കുകളിലുമുള്ള അപ്രായോഗികമായ വ്യവസ്ഥകള്‍ ഒഴിവാക്കി ഇളവുകള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചവര്‍, അധികാരത്തിലെത്തിയപ്പോള്‍ ആ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി. അനുവദനീയമായ മോഡിഫിക്കേഷനുകളില്‍പ്പോലും മോട്ടോര്‍ വാഹന വകുപ്പിന്റെ അനാവശ്യ വേട്ടയാടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഏജന്റ് മാഫിയകള്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി സാധാരണക്കാരായ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കേവലം ഒരന്വേഷണ പ്രഹസനം കൊണ്ട് ഈ വിഷയത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവനും ജീവനോപാധിക്കും ഭീഷണിയാകുന്ന ഈ ജനദ്രോഹ സമീപനം സര്‍ക്കാര്‍ തിരുത്തിയേ തീരൂ. ഷൗക്കത്തലിയുടെ മരണത്തിന് ഉത്തരവാദികളായ കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പം, അനാഥമായ ആ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.