പണം പന്തയം വെച്ച് കോഴിപ്പോര്; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിൽ
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വെച്ച് കോഴിപ്പോര് നടത്തിയ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂർ, കിണത്തുക്കടവ് സ്വദേശികളായ ടി.ജ്ഞാന കുമാർ (32), ടി.ഉദയകുമാർ (32) വി.നവീൻകുമാർ (31), ആർ.നന്ദകുമാർ (29), പൊള്ളാച്ചി രാമർ കോവിൽ സ്ട്രീറ്റ് എം.ഷൺമുഖ സുന്ദരം (32), പൊള്ളാച്ചി, പഴനിയാണ്ടവർ കോവിൽ വീഥി പി.പ്രദീപ് കുമാർ (20),എരുത്തേമ്പതി മാങ്കാപ്പള്ളം എസ്. നിധിൻ കുമാർ (34), ഒഴലപ്പതി, കുപ്പാണ്ട കൗണ്ടന്നൂർ എം.രാമസ്വാമി (42) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഒഴിഞ്ഞ പറമ്പിലായിരുന്നു പന്തയം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവ സ്ഥലത്ത് നിന്ന് രണ്ട് കോഴികളും 12,740 രൂപയും പൊലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ അറിയിച്ചു.
