കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി;എപി അനിൽകുമാ
കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ പറഞ്ഞു .സംഭവത്തിൽ റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രിയിൽ വെച്ച് പൊലീസ് രേഖപ്പെടുത്തിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പറഞ്ഞിരുന്നതായും, ആർക്കെതിരെയും പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ജീവനക്കാരിക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കാൻ ജില്ലാ കലക്ടറോട് നിർദേശിച്ചതായും മന്ത്രി അറിയിച്ചു.അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
