തൃശ്ശൂരിൽ കോളേജ് വിദ്യാർത്ഥിനിക്ക് വെട്ടേറ്റു; തടയാൻ ശ്രമിച്ച സുഹൃത്തിനും പരിക്ക്, യുവാവ് പിടിയിൽ
തൃശ്ശൂർ മാള ഹോളി ഗ്രേസ് കോളേജിൽ പോളിടെക്നിക് വിദ്യാർഥിനിയെ ക്യാമ്പസിനുള്ളിൽ കടന്നുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി ആര്യ (17) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആൽഫിനും (18) വെട്ടേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് സ്വദേശി നിരഞ്ജനെ (23) മാള പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകീട്ട് 4.15-ഓടെയായിരുന്നു സംഭവം. കോളേജിന് പുറത്തുനിന്നെത്തിയ നിരഞ്ജൻ വിദ്യാർത്ഥിനിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇടതുകൈയിലും പുറത്തും ആഴത്തിൽ വെട്ടേറ്റ ആര്യയെയും സുഹൃത്തിനെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ മാള പോലീസ് പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
