കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

  1. Home
  2. Kerala

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

v


ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി ശോഭകിനെ (ശ്രീക്കുട്ടൻ-20) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കൂട്ടാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ലഹരിക്കച്ചവട കേസുകളിലും പ്രതിയായ ശോഭകിനെ കോടതി റിമാൻഡ് ചെയ്തു.

തോന്നയ്ക്കൽ ശ്രീസത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിയും ശ്രീകാര്യം സ്വദേശിയുമായ വിഘ്‌നേഷിനാണ് (19) വെട്ടേറ്റത്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മങ്കാട്ടുമൂല ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർഥികൾ ജങ്ഷനിൽ കൂട്ടംകൂടി നിൽക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളായ പ്രതികൾ നേരത്തേ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ രാത്രി നടത്തിയ തിരച്ചിലിലാണ് പോലീസ് പിടികൂടിയത്. മേഖലയിൽ ലഹരി ഉപയോഗത്തിനായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന രഹസ്യകേന്ദ്രത്തിലും പോലീസ് പരിശോധന നടത്തി.