വിമാനപകടം കഴിഞ്ഞ് 17 ദിവസത്തിന് ശേഷം മൂന്നു കുട്ടികളെയും പിഞ്ചുകുഞ്ഞിനേയും ജീവനോടെ കണ്ടെത്തി

കൊളംബിയ വിമാനാപകടം ഉണ്ടായി 17 ദിവസങ്ങൾക്ക് ശേഷം കാണാതായ മൂന്നു കുട്ടികളെയും പിഞ്ചുകുഞ്ഞിനെയും ജീവനോടെ കണ്ടെത്തി. കൊളംബിയൻ ആമസോണിൽ അലഞ്ഞുതിരിയുകയായിരുന്ന നാലും ഒമ്പതും വയസും പ്രായമുള്ള ആണ്‍കുട്ടികളെയും, ഇവരുടെ 13 വയസുള്ള സഹോദരിയെയും, പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയുമാണ് കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ഉള്ള കാട്ടിൽ കാട്ടുപഴങ്ങള്‍ കഴിച്ചാണ് ഈ ദിവസങ്ങൾ അത്രയും കുട്ടികൾ ജീവിച്ചത്.
തെക്കൻ മേഖലയിൽ വിമാനം തകർന്നതിനുശേഷം കാണാതായ നാല് കുട്ടികൾ മഴക്കാടിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നെന്നാണ് കൊളംബിയൻ അധികൃതരുടെ നിഗമനം. "ഞങ്ങളുടെ സൈന്യത്തിന്‍റെ കഠിനമായ തിരച്ചിലിന് ശേഷം, ഗ്വാവിയറിൽ വിമാനാപകടത്തിൽ കാണാതായ നാല് കുട്ടികളെ ഞങ്ങൾ ജീവനോടെ കണ്ടെത്തി. രാജ്യത്തിന് ഇതു സന്തോഷനിമിഷം'' എന്ന് പ്രസിഡന്‍റ ഗുസ്താവോ പെട്രോ ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ചു. എന്നാൽ ഇവരെ കണ്ടെത്തിയതായി സ്ഥിരീകരണമില്ലെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.
മേയ് 1ന് വിമാനം അപകടത്തിൽപ്പെട്ടത് മുതൽ നൂറോളം സൈനികർ സ്നിഫർ നായകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്. പൈലറ്റിന്‍റയും രണ്ട് പേരുടെയും മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സെസ്‌ന 206 ലഘുവിമാനം ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയ്ക്കും ഗ്വാവിയർ പ്രവിശ്യയിലെ സാൻ ജോസ് ഡെൽ ഗ്വാവിയറിനുമിടയിൽ പറക്കുന്നതിനിടെയാണ് പുലർച്ചെ അപ്രത്യക്ഷമായത്.
വിമാനം തകർന്നതിന്‍റെ കാരണം കൊളംബിയൻ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ റഡാർ സംവിധാനത്തിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പൈലറ്റ് എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് രാജ്യത്തിന്‍റെ ദുരന്ത പ്രതികരണ വിഭാഗം അറിയിച്ചു.