ബജറ്റ് അവതരണത്തിന് മുന്നേ വാണിജ്യ പാചക വാതക വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വാണിജ്യ പാചക വാതക വിലയിൽ പരിഷ്കരണം. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഡൽഹിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ വില 7 രൂപ കുറഞ്ഞ് 1,797 രൂപയായി. നേരത്തെ 1,804 രൂപയായിരുന്നു വില. കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. നഗരങ്ങൾക്കനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കാം. 1809 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. 1,833 രൂപയാണ് തിരുവനന്തപുരത്തെ വില.
ഇന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. കൊൽക്കത്തയിൽ എൽ.പി.ജി സിലിണ്ടറിൻ്റെ വില 1,911 രൂപയിൽ നിന്ന് 1,907 രൂപയായി കുറഞ്ഞു. മുംബൈയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടർ ഇപ്പോൾ 1,756 രൂപയിൽ നിന്ന് 1,749.50 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ ഇന്ന് മുതൽ 1,959.50 രൂപയാണ് പാചകവാതക സിലിണ്ടറിൻ്റെ വില.
ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, മറ്റ് ബിസിനസ്സുകൾ തുടങ്ങി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലണ്ടറുകൾക്കാണ് വില കുറഞ്ഞിരിക്കുന്നത്. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് വില കുറയുന്നത്. എന്നാൽ ഗാർഹിക പാചക വാതക വില 2024 മാർച്ച് മുതൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഗാർഹിക പാചക വാതക വിലയിൽ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷ.