നിവിൻപോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി; 'നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ, കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും നടന്നില്ല'
നടൻ നിവിൻപോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി. നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ മൂലമാണെന്നും പൊലീസുമായി നിവിൻപോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിൻ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയായിരുന്നു പൊലീസിൻ്റെ നീക്കം. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കുകയായിരുന്നു. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.