മുഖ്യമന്ത്രിക്കെതിരെ പരാതി; ഖാർഗെയെ കണ്ട് അടൂർ പ്രകാശ്

  1. Home
  2. Kerala

മുഖ്യമന്ത്രിക്കെതിരെ പരാതി; ഖാർഗെയെ കണ്ട് അടൂർ പ്രകാശ്

image


സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പ്രവർത്തനത്തിൽ അതൃപ്തി പരസ്യമാക്കിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരാതികൾ വിശദീകരിക്കുന്ന കത്ത് ഖാർഗെയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ട്. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനക്കുറവ്, മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതായുള്ള ആരോപണം എന്നിവ കത്തിൽ ഉന്നയിച്ചതായാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെയും അടൂർ പ്രകാശ് കണ്ടു.

ഖാർഗെയെ നേരിട്ട് കണ്ട് പരാതികൾ അറിയിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'യെസ്' എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. മറ്റു ചോദ്യങ്ങളോട് പ്രതികരിച്ചില്ല.അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ചയ്ക്ക് അടൂർ പ്രകാശ് സമയം തേടിയതായാണ് സൂചന. നാളെ കൂടിക്കാഴ്ച നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പരസ്യമായി വിമർശനം ഉന്നയിച്ച ശേഷമാണ് അടൂർ പ്രകാശിന്റെ ഡൽഹി നീക്കം.