കേരള സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി; ആരോപണം നിഷേധിച്ച് മന്ത്രി
കേരള സ്‌കൂൾ കായികമേളയിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. ഇന്ന് രാവിലെ കുട്ടികൾക്ക് നൽകിയ പുട്ടിലും പഴത്തിലും പുഴുവിനെ കണ്ടെത്തിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകി. ഇന്നലെ ഭക്ഷണം ലഭിച്ചില്ലെന്ന പരാതിക്ക് പിന്നാലെ പുതിയ ആരോപണം സംഘാടകരെ പ്രതിരോധത്തിലാക്കി.
അതേസമയം, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. ഇന്നലെയുണ്ടായ ചെറിയ പിഴവുകൾ ഇന്ന് പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ഭക്ഷണവിതരണത്തിലടക്കം ചില പോരായ്മകളുണ്ടായിരുന്നുവെന്നും രണ്ടായിരത്തിലധികം പേർക്ക് അധികമായി ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണശാലയ്ക്ക് പുറത്ത് തണൽ ഒരുക്കാനും ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്താനും നടപടിയെടുക്കും. ഇനി ഭക്ഷണശാലയിൽ കാർഡ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കും. വലിയ മേള സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായും ചെറിയ പോരായ്മകൾ ഉണ്ടാകാമെന്നും അവ പരമാവധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കായികമേളയെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും പരാതികൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർക്കുണ്ടായ ബുദ്ധിമുട്ടിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
