വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തെന്ന് പരാതി

തിരുവല്ലയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി.
വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡില്‍ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച തങ്ങളെ അന്യായമായി കേസില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് ബസ് ഉടമ പറയുന്നത്. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നല്‍കി.
സെപ്റ്റംബര്‍ രണ്ടിന് കറ്റോട് എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി സെല്ലൈ ദുരച്ചി പിന്നീട് മരിച്ചു. സംഭവത്തില്‍ തിരുവല്ല-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എന്നാല്‍ ബസ് ഇടിച്ചല്ല സ്ത്രീ മരിച്ചതെന്നും മറ്റൊരു വാഹനമാണ് ഇടിച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. സിസിടിവി ഇല്ലാത്ത പ്രദേശത്താണ് അപകടം നടന്നത്. ദൃക്സാക്ഷികളോട് പോലും അന്വേഷിക്കാതെയാണ് പൊലീസ് കേസ് എടുത്തതെന്ന് ബസ് ഉടമയും പറയുന്നു.
എന്നാല്‍ ബസ് തട്ടിയാണ് സ്ത്രീ റോഡില്‍ വീണതെന്ന് ഫോറൻസിക് പരിശോധനയില്‍ വ്യക്തമായെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. കേസ് എടുത്തതില്‍ പിഴവ് പറ്റിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.