നിപ രോഗബാധയിൽ നിന്ന് പൂർണമുക്തി; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി വീട്ടിലേക്ക് മടങ്ങി

  1. Home
  2. Kerala

നിപ രോഗബാധയിൽ നിന്ന് പൂർണമുക്തി; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി വീട്ടിലേക്ക് മടങ്ങി

nipah


കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരൻ നിപ രോഗമുക്തനായി ആശുപത്രി വിട്ടു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹത്തെ ജൂൺ 11-നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഒന്നര മാസത്തോളം വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് രോഗി പൂർണ സുഖം പ്രാപിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശേഖരിച്ച സാമ്പിളുകൾ പുണെ ഐസിഎംആറിലും മെഡിക്കൽ കോളജിലും പരിശോധിച്ചാണ് ജൂൺ 10-ന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യമന്ത്രിയുടെ ഇടപെടലിലൂടെ റെംഡിസിവർ മരുന്ന് ബഹ്‌റൈനിൽ നിന്ന് എത്തിച്ച് പ്രത്യേക മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. രോഗിയുടെ പനി പൂർണമായി മാറുകയും ഓർമശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്.

സർക്കാരിന്റെയും മെഡിക്കൽ കോളജ് അധികൃതരുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പൂർണ ആരോഗ്യത്തോടെ മടങ്ങിയ രോഗിയും കുടുംബവും വ്യക്തമാക്കി.