കൺസഷൻ വർധന വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചക്ക് ശേഷം മാത്രം: കെ ബി ഗണേഷ് കുമാർ
വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യം വിദ്യാർത്ഥി സംഘടനകളുമായി ചർച്ചചെയ്ത ശേഷം മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.രാവിലെ എഴുന്നേറ്റ് കൺസഷൻ വർധിപ്പിക്കാൻ സാധിക്കില്ല. വിഷയത്തിൽ കൺസഷൻ വർദ്ധനവ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്, പരിശോധിച്ചശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്നും ഇത് സർക്കാർ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു
സ്പീഡ് ഗവർണർ ഒഴിവാക്കണം എന്നാണ് ബസ് ഉടമകൾ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും ഉടമകളുടെ ഇഷ്ടാനുസരണം പെർമിറ്റ് നൽകണമെന്നും ആവശ്യമുയർത്തി. ഇതൊന്നും പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യാൻ സ്വകാര്യ ബസ് ഉടമകൾക്ക് അവകാശമുണ്ടെന്നും ചെയ്യട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഷ്ടത്തിൽ ഓടുന്ന വണ്ടികൾ ഒതുക്കിയിടാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച്ച പരിശോധിക്കുമെന്നും നഷ്ടം സഹിച്ച് ആർക്കും ഓടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടക്കുകയാണ്. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധന, പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയത് പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.സർക്കാർ അനുകൂല തീരുമാനമെടുക്കാതിരുന്നാൽ ജൂലൈ 22 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഗതാഗത വകുപ്പ് കമ്മീഷണറും ബസ് ഉടമകളുടെ സംയുക്ത സമിതിയും നടത്തിയ ചർച്ചയിൽ ഇനിയും ധാരണയിലേറാതെ തുടരുകയാണ്
