നഗരസഭയിലെ സംഘർഷം; എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്
തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിനിടെ തിങ്കളാഴ്ച ഉണ്ടായ സംഘർഷത്തെ തുടർന്ന് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ ബിജെപി കൗൺസിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗൺസിലർമാരും പ്രതികളാണ്. വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മർദനമേറ്റ പാളയം വാർഡ് കൗൺസിലർ ഷെർലി, നാലാഞ്ചിറ കൗൺസിലർ ത്രേസ്യാമ്മ എന്നിവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മുഖത്തും കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
മറ്റ് രണ്ട് കേസുകൾ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്. പൊതുവഴി തടസ്സപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. ഇതിൽ ഒരു എഫ്.ഐ.ആറിൽ എൽഡിഎഫ് കൗൺസിലർമാരായ എസ്.പി. ദീപക്, കെ. ശ്രീകുമാർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. രണ്ടാമത്തെ എഫ്.ഐ.ആറിൽ കെ.എസ്. ശബരിനാഥ്, മേരി പുഷ്പം എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഹാജർ രജിസ്റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്. കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട രേഖകളിൽ തിരിമറി നടത്താൻ ശ്രമിച്ചെന്ന ബിജെപിയുടെ ആരോപണത്തെ തുടർന്നാണ് ബിജെപി-കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
