മുഖ്യമന്ത്രിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും വ്യാജചിത്രം പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.'പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ കാരണം എന്തായിരിക്കും എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്.
ചിത്രം വ്യാജമാണെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ചതെന്നുമാണ് പല നേതാക്കളും ആരോപിച്ചിരുന്നത്. സംഭവത്തിൽ കലാപശ്രമത്തിനാണ് പോലീസ് കേസ് എടുത്തത്. ചിത്രം പങ്കുവച്ച് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കലാപശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
